Kolaveri …Kolaveri..di

Posted in voice u'r opinion | Leave a comment

പനിക്ക് ചികിത്സയുണ്ടോ?

ഇല്ലാത്ത രോഗത്തിന് ചികിത്സ നല്‍കാന്‍ കഴിയുമോ? പനി ഒരു രോഗമേ അല്ല. രോഗലക്ഷണം മാത്രമാണ്. ഇക്കാര്യം എല്ലാ വൈദ്യശാസ്ത്രങ്ങളും തര്‍ക്കമാന്യേ സമ്മതിക്കുന്നു. പക്ഷെ പനിയിലൂടെ ശരീരം ഒരു സ്വയം ചികിത്സ നടത്തുകയാണെന്ന് പറഞ്ഞാല്‍ ചിലരുടെ നെറ്റി ചുളിയും. രോഗാണുക്കളോ വിഷവസ്തുക്കളോ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനെ നേരിടുന്നതിനായിട്ടാണ് പനിയുടെ രൂപത്തില്‍ ശരീരം ചൂടാക്കപ്പെടുന്നത്. ഇതുവഴി ശരീരത്തിന് രണ്ടു വിധത്തില്‍ പ്രയോജനം ലഭിക്കുന്നു. ഒന്നാമതായി ഉയര്‍ന്ന ഉഷ്മാവില്‍ രോഗാനുക്കല്‍ക്ക്കെതിരെയുള്ള ആന്റിബോഡികള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും അവ അണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അടുത്തത് സൂക്ഷ്മാണൂക്കളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ്. ശരീരോഷ്മാവ് കൂടിയ നിലയില്‍ ഇവയുടെ വളര്‍ച്ച മന്ദിഭവിക്കുന്നു. ഇത്രയും ഉപകാരിയായ പനിയെ ഒരു ഗുളിക കൊണ്ട് അടിച്ചമര്‍ത്തിയാല്‍ എന്താവും ഫലം? ശത്രുവിനെതിരെ വാളെടുക്കുന്ന പോരാളിയില്‍ നിന്ന് അയാളുടെ ആയുധം വാങ്ങി ദൂരെ കളയുന്നത് പോലെ ആയിരിക്കും.

മുമ്പ് പ്രസ്താവിച്ച രോഗാണു തുടങ്ങിയ വിഷ പദാര്‍ഥങ്ങള്‍ ശരീരത്തില്‍ കയറിക്കൂടുമ്പോള്‍ ശരീരം അതിന്റെ പ്രതിരോധ പ്രക്രീയ തുടങ്ങുകയായി. തത്ഫലമായി ധാരാളം ആന്റി ബോടികള്‍ ഉണ്ടാവുകയും അവ അണുക്കളെ നേരിടുകയും വിഷ വസ്തുക്കളെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. ആന്റി ബോടികളാകാട്ടെ എല്ലാം കൂടി ഒരുമിച്ച് ഒരേ സമയത്ത് ഉണ്ടാകുന്നവയല്ല. 3 മുതല്‍ 10 ദിവസങ്ങള്‍ വരെ വേണ്ടി വരും ശരീരത്തിനാവശ്യമായ ആന്റി ബോടികള്‍ ഒരു നിശ്ചിത അളവില്‍ ഉണ്ടാകുവാന്‍. അതായത് സ്വാഭാവികമായി ശരീരം ആവശ്യപ്പെടുന്നത് പത്തു ദിവസത്തോളം ദൈര്‍ഘ്യമുള്ള ഒരു ചികിത്സാകാലമാണ്. പനിയുള്ള വ്യക്തി 6 ദിവസം ഉപവസിക്കണം എന്നു പറയുന്നതിന്റെ (ചരകസംഹിത) യുക്തിയും മറ്റൊന്നല്ല. ദാഹമുല്ലപ്പോള്‍ ചൂട് വെള്ളം കുടിക്കവുന്നതാണ്. ഏഴാം ദിവസം ദഹിക്കാന്‍ ഒട്ടും ബുദ്ധിമുട്ടില്ലാത്ത കഞ്ഞി കഴിക്കാം. ഈ ആഹാര നിയന്ത്രണത്തിനും കൃത്യമായ ശാസ്ത്രിയ അടിത്തറയുണ്ട്. പനി മൂലം ശരീര താപം ഉയരുമ്പോള്‍ പചന വ്യവസ്ഥയുടെ കാര്യ നിര്‍വഹണ ശേഷിക്ക് ആക്കം കുറയുന്നു. ആമാശയം, കുടലുകള്‍ ഇവയുടെ ചലനം, ദഹനരസങ്ങളുടെ സ്രവം എന്നിവ കുറയുകയോ നിലക്കുകയോ ചെയ്യുന്നു.

നോക്കു, ശരീരം തന്നെ ഭക്ഷണത്തെ നിഷേധിക്കുകയാണ്. വായ്‌ക്ക് കൈപ്പ്, വിശപ്പില്ലായ്മ ഇവയൊക്കെ ഇതിനുള്ള ഉപായങ്ങളും.

ആറു ദിവസം കഴിഞ്ഞിട്ടും പനി തുടരുകയാണെങ്കില്‍ ഔഷധം സേവിക്കമെന്നു വ്യവസ്ഥയുണ്ട്. ഇത് സൂക്ഷ്മാണുക്കളെ നേരിട്ട് നശിപ്പിക്കുവാന്‍ ഉദേശിച്ചുകൊണ്ടുല്ലതല്ല. ശരീരത്തിന്റെ രോഗപ്രതിരോധശക്തി ഉണര്‍ത്തുക മാത്രമേ ഇത് ചെയ്യുന്നുള്ളൂ.

Posted in voice u'r opinion | Leave a comment

Stay Hungry… Stay Foolish(വിശന്നിരിക്കുന്ന, വിഡ്‌ഢിയായിരിക്കുക…)

ലോകത്തിലെ ഏറ്റവും ഗംഭീരമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട്‌ സംസാരിക്കാന്‍ സന്ദര്‍ഭമൊരുക്കിയതിലൂടെ നിങ്ങളെന്നെ ആദരിച്ചിരിക്കുന്നു. സത്യത്തില്‍ ഒരു കോളേജില്‍ നിന്നും ബിരുദമെടുത്തവനല്ല ഞാന്‍.നിങ്ങളോട്‌ എന്റെ ജീവിതത്തിലെ മൂന്നു കഥകള്‍ പറയാം. അതില്‍ എന്നിലെ ഞാന്‍ ഉണ്ട്‌, എന്നെ ഞാനാക്കിയ ഞാന്‍ ഉണ്ട്‌. അത്‌ പറയാം.

ഒന്നാമത്തെ കഥ…

ഞാന്‍ പഠിച്ച റീഡ്‌ കോളേജിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍ നിന്ന്‌ കഥ തുടങ്ങുന്നു. എന്തിന്‌ ഉപേക്ഷിച്ചു എന്ന ചോദ്യത്തിന്‌ ഞാന്‍ ജനിക്കും മുമ്പുള്ള കാലമാണ്‌ മറുപടി തരിക. ബിരുദ വിദ്യാര്‍ത്ഥിനിയായിരിക്കവെയാണ്‌ അവിവാഹിതയായ എന്റെ അമ്മ ഗര്‍ഭിണിയായത്‌. ആരെങ്കിലും എന്നെ ദത്തെടുക്കുമോ എന്ന്‌ അമ്മ അന്വേഷിച്ചു. കോളേജ്‌ ബിരുദധാരിയായ ആരെങ്കിലും തന്നെ വേണം എന്നായിരുന്നു അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും.

അന്വേഷണം സഫലമായി. ഞാന്‍ ജനിക്കും മുന്നേ എന്നെ ദത്തെടുക്കാന്‍ ഒരു വക്കീലും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ പിറന്നപ്പോള്‍ വേണ്ടത്‌ പെണ്‍കുട്ടിയാണന്ന്‌ പറഞ്ഞ്‌ അവര്‍ പിന്മാറി. വെയ്‌റ്റിങ്ങ്‌ ലിസ്‌റ്റില്‍ അടുത്ത സ്‌ഥാനത്തുള്ള ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ സ്വീകരിച്ചു. എന്നെ ദത്തെടുത്ത ഭര്‍ത്താവ്‌ സ്‌കൂള്‍ വിദ്യാഭ്യാസം പോലും തികച്ചിട്ടില്ലെന്നും ഭാര്യ ബിരുദമെടുത്തിട്ടില്ലെന്നും പിന്നീടാണ്‌ അമ്മ അറിഞ്ഞത്‌. എന്നെ കോളേജിലയയ്‌ക്കുമെന്ന്‌ ഉറപ്പ്‌ കിട്ടിയ ശേഷമാണ്‌ അമ്മ എന്നെ കൈമാറിയത്‌.

ഇങ്ങനെ ഞാന്‍ തുടങ്ങുന്നു. പതിനേഴ്‌ വര്‍ഷം കഴിഞ്ഞ്‌ ഞാന്‍ കോളേജില്‍ പോവുക തന്നെ ചെയ്‌തു. സ്‌റ്റാന്‍ഫോര്‍ഡ്‌ പോലെ ചെലവേറിയതായിരുന്നു റീഡ്‌ കോളേജും. പാവങ്ങളായ മാതാപിതാക്കള്‍ സ്വന്തം വരുമാനം മുഴുവനും എന്റെ പഠിപ്പിന്‌ ചെലവിടുകയായിരുന്നു. ആറ്‌ മാസത്തിനകം എനിക്ക്‌ കഥയില്ലായ്‌മ ബോധ്യമായി. ജീവിതം കൊണ്ട്‌ എന്ത്‌ ചെയ്യണമെന്ന്‌ എനിക്കറിയില്ല. കോളേജ്‌ വിദ്യാഭ്യാസം ഒരു വഴി തരുമെന്ന്‌ എനിക്ക്‌ തോന്നിയില്ല. അവരുടെ സമ്പാദ്യം മുഴുവന്‍ ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം പഠിപ്പ്‌ ഉപേക്ഷിക്കുകയാണെന്ന്‌ എനിക്ക്‌ തോന്നി. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അതെന്ന്‌ മനസ്സിലായി.

ഉറങ്ങാന്‍ മുറിയില്ലാത്തതിനാല്‍ കൂട്ടുകാരുടെ റൂമിലെ തറയില്‍ രാത്രിയെ ഉറക്കി. കൊക്കോകോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ച്‌ തിരിച്ചേല്‌പ്പിച്ചാല്‍ കിട്ടുന്ന അഞ്ച്‌ സെന്റ്‌ കൊണ്ട്‌ ആഹാരം കഴിച്ചു. ഞായറാഴ്‌ച രാത്രികളില്‍ ഹരേ കൃഷ്‌ണ അമ്പലത്തില്‍ നിന്ന്‌ സൗജന്യമായി ലഭിക്കുന്ന അന്നദാനത്തിനായി (രുചിപ്രദമായ) ഏഴു നാഴിക നടന്നുപോയി. ആ അലച്ചിലുകള്‍ എനിക്കിഷ്‌ടമായിരുന്നു. യാത്രകള്‍ക്കിടയില്‍ മനസ്സിലുയരുന്ന ജിജ്‌ഞാസകളില്‍ നിന്നും ഉള്‍തിളക്കത്തില്‍ നിന്നും ലഭിച്ച കാര്യങ്ങള്‍ പിന്നീട്‌ എനിക്ക്‌ ഏറെ കൂട്ട്‌ നിന്നു. ഒരുദാഹരണം, അക്കാലത്ത്‌ റീഡ്‌ കോളേജില്‍ അക്ഷരമെഴുത്ത്‌ (കാലിഗ്രാഫി) പരിശീലിപ്പിക്കുന്ന ഒരു വിഭാഗം ഉണ്ട്‌. രാജ്യത്തെത്തന്നെ ഏറ്റവും മികച്ച കാലിഗ്രാഫി ഇന്‍സ്‌റ്റ്യൂട്ടുകളിലൊന്നായിരുന്നൂ അത്‌.

എനിക്ക്‌ കോളേജിലെ സാധാരണക്ലാസ്സുകളില്‍ കയറാന്‍ സാധിക്കാത്തത്‌ കൊണ്ട്‌ ആര്‍ക്കും പോകാവുന്ന കാലിഗ്രഫിക്ലാസ്സില്‍ ചേര്‍ന്നു. വ്യത്യസ്‌തമായ അക്ഷരങ്ങളുടെ കോമ്പിനേഷനുകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ മനോഹാരിതകള്‍ ഒക്കെ എനിക്ക്‌ അറിയാന്‍ കഴിഞ്ഞു. അവിടെ നിന്ന്‌ അറിഞ്ഞ കാര്യങ്ങള്‍ എനിക്ക്‌ ഏറെ രസകരവും പുതുമയാര്‍ന്നതുമായിരുന്നു. കാലിഗ്രാഫി കൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന്‌ അന്നെനിക്ക്‌ തോന്നിയിരുന്നില്ല. പക്ഷേ പത്ത്‌ വര്‍ഷത്തിന്‌ ശേഷം ഞങ്ങള്‍ മക്കിന്‍ടോഷ്‌ കംപ്യൂട്ടര്‍ രൂപകല്‍പന ചെയ്യുമ്പോള്‍ ആ പഠിച്ചതൊക്കെ എനിക്ക്‌ പ്രയോജനമായി.

മക്കിന്‍ടോഷില്‍ ഉപയോഗിച്ച ഭംഗിയുള്ള അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാരണം ആ ക്ലാസ്സുകളായിരുന്നു. മനോഹരമായി ടൈപ്പോഗ്രാഫി ഉപയോഗിച്ച ആദ്യകമ്പ്യൂട്ടര്‍ ആയിരുന്നു ആപ്പിള്‍. ഞാന്‍ കോളേജ്‌വിദ്യാഭ്യാസം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കാലിഗ്രാഫി എനിക്ക്‌ കിട്ടുമായിരുന്നില്ല.ഭാവിയെ നോക്കി ജീവിതത്തിന്റെ ജയപരാജയങ്ങള്‍ നിര്‍വചിക്കാനാവില്ല എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ഏറെക്കാലത്തിന്‌ ശേഷം തിരിഞ്ഞ്‌ നോക്കുമ്പോഴാണ്‌ നമ്മില്‍ തിരിച്ചറിവുകളുണ്ടാവുന്നത്‌.

രണ്ടാമത്തെ കഥ

ഇനി രണ്ടാമത്തെ കഥ(?) പറയാം. അത്‌ കഥ പ്രണയത്തിന്റേയും നഷ്‌ടപ്പെടലിന്റേയുമാണ്‌. ഞാന്‍ ഭാഗ്യവാനായിരുന്നു. ഇഷ്‌ടമുള്ളത്‌ ചെയ്യാന്‍ ചെറുപ്പത്തിലേ അവസരം കിട്ടി. ഇരുപത്‌ വയസ്സായിരിക്കുമ്പോഴാണ്‌, ഞാനും വോസും കൂടി എന്റെ മാതാപിതാക്കളുടെ ഗാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്‌. ഞങ്ങളുടെ കഠിനപരിശ്രമം പത്ത്‌ വര്‍ഷത്തിനുള്ളില്‍ ആപ്പിളിനെ 20 ലക്ഷം ഡോളറിന്റെ ആസ്‌തിയുള്ള, 4000 ജോലിക്കാരുള്ള ഒരു വമ്പന്‍കമ്പനിയാക്കി. എനിക്ക്‌ 29 വയസ്സുള്ളപ്പോഴാണ്‌ ഞങ്ങളുടെ വമ്പന്‍ കണ്ടെത്തലായ മക്കിന്‍ടോഷ്‌ പുറത്ത്‌ വന്നത്‌. ആ നേരം എന്നെ ജോലിയില്‍ നിന്ന്‌ പിരിച്ച്‌ വിട്ടു.നിങ്ങള്‍ സ്‌ഥാപിച്ച നിങ്ങളുടെ കമ്പനിയില്‍ നിന്ന്‌ നിങ്ങളെ എങ്ങനെയാണ്‌ പിരിച്ചുവിടുക?

ആപ്പിള്‍ വളര്‍ന്നപ്പോള്‍ എനിക്കൊപ്പം പ്രവൃത്തിക്കാനായി കാര്യക്ഷമനായ ഒരാളെ കൂടി ഞങ്ങള്‍ നിയമിച്ചു. ആദ്യത്തെ വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായില്ല. പിന്നീട്‌ ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുന്നു. തെറ്റിപ്പിരിയുന്നു. കമ്പനിയിലെ ഡയറക്‌ടര്‍മാര്‍ അയാളുടെ പക്ഷം ചേര്‍ന്ന്‌ എന്നെ പിരിച്ചു വിടുന്നു.

അങ്ങനെ മുപ്പതാം വയസ്സില്‍ ഉണ്ടായിരുന്നതെല്ലാം എനിക്ക്‌ നഷ്‌ടപ്പെട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ അതിതീവ്രമായി ആഗ്രഹിച്ചു. മുന്‍തലമുറയിലെ വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ അപമാനമുണ്ടാക്കിയെന്ന്‌ അപകര്‍ഷത തോന്നി. മല്‍സരത്തില്‍ നിന്ന്‌ തിരിഞ്ഞോടിയതായി എനിക്ക്‌ തോന്നി. കുറച്ച്‌ കാലത്തേക്ക്‌ എന്ത്‌ ചെയ്യണമെന്ന്‌ എനിക്ക്‌ യാതൊരു പിടിയുമില്ലായിരുന്നു.

പിന്നെപ്പിന്നെ ഇഷ്‌ടകാര്യങ്ങളിലേക്ക്‌ ഞാന്‍ തിരിച്ചുവന്നു. വീണ്ടും ഒരങ്കത്തിന്‌ ഞാന്‍ എന്നെ മുറുക്കിക്കെട്ടി. ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന്‌ ഞാന്‍ പിന്നീട്‌ മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്‌ഥാനത്ത്‌ തുടക്കക്കാരന്റെ വിനയം കൈ വന്നത്‌ പുതിയ വഴികളിലേക്ക്‌ എന്നെ കൊണ്ട്‌ പോയി. പിന്നെയുള്ള അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ഞാന്‍ നെക്‌സ്റ്റ്‌ എന്ന ഒരു കമ്പനിയും പിക്‌സര്‍ എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ആ കാലത്ത്‌ ലൗറിനേയില്‍ അനുരക്‌തനായി. അവളെന്റെ ജീവിതസഖിയായി.

ലോകത്തിലെ ഇദംപ്രഥമമായ കമ്പ്യൂട്ടര്‍ ആനിമേറ്റഡ്‌ ഫിലിം ടോയ്‌ സ്‌റ്റോറി പിക്‌സര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ആനിമേഷന്‍ സ്‌റ്റുഡിയോ ആണത്‌.സംഭവങ്ങള്‍ മാറിമറിയുന്നു. നെക്‌സ്റ്റ്‌ ആപ്പിള്‍ വാങ്ങുന്നു. ഞാന്‍ ആപ്പിളില്‍ തന്നെ തിരിച്ചെത്തുന്നു. നെക്‌സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ്‌ ആപ്പിളിന്റെ ഇന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണം. ഞാനും ലൗറിനേയും ഇപ്പോള്‍ സന്തുഷ്‌ടമായ കുടുംബജീവിതം നയിക്കുന്നു.

ആപ്പിള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്‌. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്‌ക്കടിക്കുന്നു. ഒരിക്കലും വിശ്വാസം നഷ്‌ടപ്പെടരുത്‌. ഞാന്‍ മുന്നോട്ടു പോയത്‌ എനിക്കിഷ്‌ടമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതു കൊണ്ടാണ്‌. ഒരാള്‍ക്ക്‌ എന്ത്‌ ചെയ്യുന്നതിലാണ്‌ താല്‍പ്പര്യം എന്ന്‌ കണ്ടെത്തുന്നതും അതു ചെയ്യാന്‍ ശ്രമിക്കുന്നതുമാണ്‌ പ്രധാനം.

നാം ചെയ്യുന്ന പ്രവൃത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായിത്തന്നെ സ്‌നേഹിക്കണം. നിങ്ങള്‍ ഇഷ്‌ടപ്പെടുന്നതെന്താണെന്ന്‌ കണ്ടെത്തും വരെ ശ്രമിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. കണ്ടെത്തും വരെ അടങ്ങിയിരിക്കരുത്‌.

എന്റെ മൂന്നാമത്തെ കഥ മരണത്തെക്കുറിച്ചാണ്‌.

മൂന്നാമത്തെ കഥ…

എനിക്ക്‌ പതിനേഴ്‌ വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരുദ്ധരണി വായിക്കുകയുണ്ടായി. അത്‌ ഏതാണ്ട്‌ ഇതു പോലെയായിരുന്നു. ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന്‌ കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും. കഴിഞ്ഞ 33 വര്‍ഷമായി ദിവസവും കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്‌: ഇന്ന്‌ എന്റെ അന്ത്യമാണെങ്കില്‍ ഇന്ന്‌ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക? കുറേ ദിവസം തുടര്‍ച്ചയായി അല്ല എന്ന ഉത്തരമാണ്‌ ലഭിക്കുന്നതെങ്കില്‍ എനിക്ക്‌ ഒരു മാറ്റം ആവശ്യമാണ്‌. മരണം അടുത്തിരിക്കുന്നു എന്ന ബോധമാണ്‌ പല തിരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്‌.

കാരണം മരണത്തിന്‌ മുന്നില്‍ നിങ്ങളുടെ ഭയങ്ങളും ജയപരാജയങ്ങളും പ്രതീക്ഷകളും അഭിമാനവുമൊക്കെ അഴിഞ്ഞു വീഴുന്നു. മരണബോധമാണ്‌ നഷ്‌ടബോധത്തിന്റെ കെണിയില്‍ നിന്ന്‌ എന്നെ രക്ഷപ്പെടുത്തുന്നത്‌, നിങ്ങള്‍ നഗ്നനായിക്കഴിഞ്ഞു, നിങ്ങളുടെ ഹൃദയത്തിന്റെ വഴികളെ ഇനി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഒരു കൊല്ലം മുമ്പ്‌ എനിക്ക്‌ ക്യാന്‍സറുണ്ടെന്ന്‌ കണ്ടെത്തി. പാന്‍ക്രിയാറ്റിക്ക്‌ ക്യാന്‍സര്‍. പാന്‍ക്രിയാസ്‌ എന്താണെന്ന്‌ പോലും എനിക്കറിയില്ലായിരുന്നു. ചികിത്സിച്ച്‌ ഭേദപ്പെടുത്താനാവില്ല, ഡോക്‌ടര്‍ പറഞ്ഞു. ആറുമാസത്തെ ആയുസ്സ്‌ മാത്രമേയുള്ളൂ. എന്നോട്‌ വീട്ടില്‍ പോയി കാര്യങ്ങളൊക്കെ നേരെയാക്കിയ ശേഷം തിരിച്ചുവരാന്‍ നിര്‍ദ്ദേശിച്ചു. മരിക്കാന്‍ ഒരുങ്ങിക്കൊള്ളു, എന്നതിന്‌ പകരമുള്ള ഡോക്‌ടര്‍മാരുടെ ഭാഷയാണത്‌. അര്‍ത്ഥം ഭാവിയുടെ വഴിയില്‍ ഭാര്യയോടും മക്കളോടും നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പറയുക എന്ന്‌. ഒരു തരം വിടവാങ്ങല്‍ തന്നെ.

ഒരു ദിവസം മുഴുവന്‍ ഞാന്‍ രോഗവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു. വെകുന്നേരം എന്നെ ബയോപ്‌സിക്ക്‌ കൊണ്ടു പോയി. എന്‍ഡോസ്‌ക്കോപ്പ്‌ തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിലെത്തിച്ച്‌ ഒരു സൂചി കൊണ്ട്‌ പാന്‍ക്രിയാസിലെ മുഴയില്‍ നിന്നും കുറെ കോശങ്ങള്‍ എടുത്തു. എനിക്ക്‌ ഉറങ്ങാനായി മരുന്ന്‌ തന്നിരുന്നു. ഭാര്യ അടുത്തുണ്ട്‌. കോശങ്ങള്‍ മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയായിരുന്ന ഡോക്‌ടര്‍ കരയാന്‍ തുടങ്ങി. ഭേദപ്പെടുത്താവുന്ന അപൂര്‍വ്വം ക്യാന്‍സറാണ്‌ അതെന്ന്‌ കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നൂ അത്‌.

എന്റെ ഓപ്പറേഷന്‍ നടന്നു. ഞാന്‍ രോഗവിമുക്‌തനായി. മരണം ഏറ്റവും അടുത്ത്‌ വന്ന്‌ നിന്ന സന്ദര്‍ഭമായിരുന്നു അത്‌. ഇത്‌ പോലെ ഇനി കുറേ വര്‍ഷത്തേക്ക്‌ മരണത്തെ അടുത്തറിയാനിടയില്ലയെന്ന്‌ എനിക്ക്‌ തോന്നുന്നു. അത്‌ അതിജീവിച്ചതുകൊണ്ട്‌ മരണം ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്‍പമാണെന്ന്‌ ഞാന്‍ ഉറപ്പിച്ച്‌ പറയും.

ആരും മരിക്കാന്‍ മോഹിക്കുന്നില്ല. സ്വര്‍ഗത്തില്‍ പോകാന്‍ കൊതിക്കുന്നവര്‍ പോലും പെട്ടെന്ന്‌ മരിക്കാന്‍ ഇഷ്‌ടപ്പെടില്ല. എന്നാലും മരണം നമ്മുടെ എല്ലാം അന്തിമവിധിയാണ്‌. അതില്‍ നിന്നാരും രക്ഷപ്പെട്ടിട്ടില്ല, രക്ഷപ്പെടുകയുമില്ല. അത്‌ അങ്ങനെ തന്നെ ആയിരിക്കണം. ജീവിതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാകുന്നൂ മരണം. അത്‌ ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു, പഴയത്തിനെ മാറ്റി പുതിയതിന്‌ വഴിയൊരുക്കുന്നു. ഇപ്പോള്‍ നിങ്ങളാണ്‌ പുതിയത്‌. എന്നാല്‍ അല്‍പ കാലം കൊണ്ട്‌ നിങ്ങള്‍ തന്നെ പഴയതാവും, പുതിയതിന്‌ വഴിമാറികൊടുക്കേണ്ടി വരും. ഞാന്‍ അല്‍പം നാടകീയമായി അതില്‍ ഖേദിക്കുന്നു. എന്ന്‌ വെച്ച്‌ അത്‌ സത്യമല്ലാതാവില്ല.

സമയം കുറച്ചേയുള്ളു. മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. അന്യരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്‌. ആ ശബ്‌ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന്‌ ഉയരുന്ന ശബ്‌ദങ്ങള്‍ കേള്‍ക്കാതെ പോകരുത്‌. ദി ഹോള്‍ ഏര്‍ത്ത്‌ കാറ്റലോഗ്‌ എന്നൊരു പ്രസിദ്ധീകരണമുണ്ടായിരുന്നൂ എന്റെ ചെറുപ്പകാലത്ത്‌. ഞാനടങ്ങുന്ന ചെറുപ്പത്തിന്റെ ബൈബിളായിരുന്നു അത്‌. സ്‌റ്റേവാര്‍ട്ട്‌ ബ്രാന്‍ഡ്‌ എന്നൊരു വലിയ മനുഷ്യന്‍ ജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട്‌ മെന്‍ലോ പാര്‍ക്കില്‍ നിന്ന്‌ ഇറക്കിയ പുസ്‌തകമായിരുന്നൂ അത്‌.

കംപ്യൂട്ടറും ഡെസ്‌കേ്‌ടാപ്പ്‌ പബ്ലിഷിങ്ങും ഒന്നുമില്ലാത്ത 1960കളുടെ അവസാനം, ടൈപ്പ്‌ റൈറ്ററും കത്രികയും പോളറോയ്‌ഡ് ക്യാമറയും മാത്രം ഉപയോഗിച്ച്‌ പുറത്തിറക്കിയ കാറ്റലോഗ്‌. ഗൂഗിളിന്റെ പേരുപോലും കേള്‍ക്കാത്ത കാലത്ത്‌ ഗൂഗിളിനെ പോലെ ചിട്ടയില്‍ ക്രോഡീകരിച്ച്‌ പേപ്പര്‍ബാക്കില്‍ മുപ്പത്തഞ്ച്‌ കൊല്ലം മുമ്പ്‌ പുറത്തിറങ്ങിയിരുന്ന പുസ്‌തകം.

സ്‌റ്റേവാര്‍ട്ടും സുഹൃത്തുക്കളും ദി ഹോള്‍ ഏര്‍ത്ത്‌ കാറ്റലോഗിന്റെ ഒരു പാട്‌ ലക്കങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്‌. 1970ന്റെ പകുതിയോടെ ഞങ്ങളെ വിഷമപ്പെടുത്തി, ദി ഹോള്‍ ഏര്‍ത്ത്‌ കാറ്റലോഗിന്റെ അവസാന ലക്കമിറങ്ങി. ഞാന്‍ അന്ന്‌ നിങ്ങളുടെ പ്രായമായിരുന്നു. അതിന്റെ പുറംചട്ടയില്‍ പ്രഭാതനേരത്തുള്ള ഒരു നാട്ടിന്‍പുറവഴിയുടെ മനോഹരമായ ചിത്രമാണ്‌ കൊടുത്തിരുന്നത്‌.

താഴെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: വിശന്നിരിക്കുക. വിഡ്‌ഢിയായിരിക്കുക.(Stay Hungry. Stay Foolish..)

അവസാനിപ്പിക്കുമ്പോള്‍ അവര്‍ക്ക്‌ ഞങ്ങളോട്‌ പറയാനുണ്ടായിരുന്നത്‌ അതായിരുന്നു. ഞാന്‍ സ്വയം ആഗ്രഹിക്കുന്നതും അതാണ്‌. പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളോടും എനിക്ക്‌ അതേ പറയാനുള്ളു. വിശപ്പുള്ളവനായിരിക്കുക. വിഡ്‌ഢിയായിരിക്കുക.

Posted in voice u'r opinion | Leave a comment

ഉപഗ്രഹം തകര്‍ന്നു വീഴും; ലോകം ഭീതിയില്‍

നാസ വിക്ഷേപിച്ച കൃത്രിമോപഗ്രഹം നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വരുന്നു എന്ന വാര്‍ത്ത ലോകത്തെ ഭീതിയില്‍ ആഴ്ത്തുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് നാസ അയച്ച അപ്പര്‍ അറ്റ്‌ഫോസ്ഫിയര്‍ റിസേര്‍ച്ച് (യു എ ആര്‍ എസ്) എന്ന ഉപഗ്രഹമാണ് ഭൂമിയെ ലക്ഷ്യം വച്ച് കുതിക്കുന്നത്. എന്നാല്‍ ഇത് എവിടെ വീഴും എന്ന കാര്യത്തില്‍ നാസയ്ക്കും വ്യക്തതയില്ല. ഉപഗ്രഹം ഭൂമിയില്‍ വീഴുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമേ ഇത് എവിടെ വീഴുമെന്നതിനെ കുറിച്ചുള്ള അവ്യക്തതകള്‍ നീങ്ങുകയുള്ളൂ.

സെപ്തംബര്‍ അവസാനത്തോടെ ഉപഗ്രഹം ഭൂമിയില്‍ പതിക്കും എന്നാണ് നാസയുടെ കണക്കുകൂട്ടല്‍. സ്കൂള്‍ ബസിന്റെ ആകൃതിയിലുള്ള ഇതിന് ആറ് ടണ്‍ ഭാരമുണ്ട്. അന്തരീക്ഷത്തിലെ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാനാണ് 1991 സെപ്തബര്‍ 11-ന് ഉപഗ്രഹം വിക്ഷേപിച്ചത്.

അതേസമയം ഉപഗ്രഹം അതേ രൂപത്തിലായിരിക്കില്ല ഭൂമിയില്‍ വീഴുക എന്നാണ് നാസയുടെ നിരീക്ഷണം. ഭൂമിയുടെ ഉപരിഭാഗത്ത് എത്തുമ്പോള്‍ തന്നെ ഇതിന് ചൂടുപിടിക്കും. വായുവിന്റെ സമ്മര്‍ദ്ദം മൂലമാണ് അങ്ങനെ സംഭവിക്കുക. തുടര്‍ന്ന് പൊട്ടിത്തെറിച്ച് ഭൂമിയില്‍ ചിന്നിച്ചിതറും. തെക്കേ അമേരിക്ക, കാനഡ എന്നിവിടങ്ങളിലായിരിക്കും ഉപഗ്രഹത്തിന്റെ ഭാഗങ്ങള്‍ വീഴുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇത് ഉണ്ടാക്കുന്ന അപകടം എത്രത്തോളം ഗുരുതരമായിരിക്കും എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കില്ല. ഭയപ്പെടേണ്ടെന്നും ശുഭപ്രതീക്ഷയോട് കാത്തിരിക്കാം എന്നുമാണ് നാസ വൃത്തങ്ങള്‍ ലോകത്തോട് പറയുന്നത്.

Posted in voice u'r opinion | Leave a comment

എന്തുകൊണ്ട് പെന്‍ഷന്‍ പ്രായം കൂട്ടണം?

പ്രായം കൂടും തോറും കഴിവ് കൂടുകയല്ലേ ??എന്തെങ്കിലും സംശയം ഉണ്ടോ?

 

(Pension age should be increased in Kerala-Article by V Santhakumar , mathrubhumi)

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കേണ്ടത് സര്‍ക്കാരിന്റെയും നമ്മുടെ സമ്പദ് വ്യവസ്ഥയുടെയും ആരോഗ്യത്തിനു അത്യാവശ്യമാണ്. അതിലേക്കു കടക്കും മുമ്പ് മറ്റൊരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണം എന്ന് പറയുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അല്ലാത്ത ആളുകളുടെ മനസ്സില്‍ കാര്യമായ അനുഭാവം ഉണ്ടാവുകയില്ല. സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നാല്‍ മറ്റുള്ളവരേക്കാള്‍ അധികം ശമ്പളവും ലീവും മറ്റു ആനുകൂല്യങ്ങളും ഉള്ള, എന്നാല്‍ പണിയെടുക്കാത്ത, സാധാരണ ജനങ്ങളോട് സൗമ്യമായി പെരുമാറാത്ത ഒരാളിന്റെ ചിത്രമാണ് സാധാരണ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാവുന്നത്. (സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍മാര്‍ക്ക് കൂടുതല്‍ ശമ്പളം കിട്ടിയാലും അവര്‍ക്ക് കടുത്ത ജോലിയും പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളും മറ്റും ഇല്ലെന്നും സാമാന്യ ജനങ്ങള്‍ക്ക് അറിയാം.) ഈ ചിത്രം ഒരു പരിധി വരെ ശരിയാണ്. ഇങ്ങനെയുള്ള ജീവനക്കാര്‍ക്ക് ഇനി പെന്‍ഷന്‍ പ്രായം കൂട്ടി നല്‍കണോ എന്ന് ചിന്തിക്കുന്നത് സ്വാഭാവികം.

പക്ഷെ ഇവിടെ നമ്മള്‍ മറ്റൊരു വസ്തുത മനസ്സിലാക്കണം. നിയമിക്കുന്ന ജീവനക്കാരനില്‍ നിന്നും കാര്യക്ഷമമായ ജോലിയും ജനങ്ങളോട് സൗമ്യമായ പെരുമാറ്റവും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. അതിനു കഴിയണം. എന്നാല്‍ പെന്‍ഷന്‍ പ്രായം കൂട്ടാതിരിക്കുന്നത് ഈ പ്രശ്‌നത്തിനുള്ള മരുന്നല്ല. മാത്രമല്ല, നേരത്തെ റിട്ടയര്‍ ചെയ്യിപ്പിച്ചു അന്ന് മുതല്‍ ശമ്പളത്തിന്റെ പകുതി വിലക്കയറ്റം കണക്കാക്കി വര്‍ധിപ്പിച്ചു ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ ആയി നല്‍കിയാല്‍ അത് കാര്യക്ഷമത ഇല്ലായ്മ കൊണ്ടുള്ള സമൂഹത്തിന്റെ ഭാരം വര്‍ധിപ്പിക്കും. ഒരാളിനെ നിയമിച്ചാല്‍ അയാളെ കൊണ്ട് പണിയെടുപ്പിക്കാന്‍ കഴിയുകയും (അങ്ങനെ ചെയ്തില്ലെങ്കില്‍ അയാളെ ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ പറഞ്ഞയക്കുകയും) അയാള്‍ക്ക് പണിയെടുക്കാന്‍ കഴിയുന്ന കാലം പൂര്‍ണമായി ജോലി ചെയ്യിപ്പിച്ചതിനു ശേഷം മാത്രം പെന്‍ഷന്‍ നല്‍കുകയും ആണ് കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഉള്ള മാര്‍ഗം.

കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും 60-65 വയസ്സുവരെ എങ്കിലും ജോലി (പ്രത്യേകിച്ചും സര്‍ക്കാര്‍ ജോലി) എടുക്കാന്‍ കഴിയും. അങ്ങനെ അവരുടെ കര്‍മശേഷി സമൂഹത്തിനു പ്രയോജനപ്പെടുത്തിയിട്ടു വേണം അവര്‍ക്ക് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ നല്‍കാന്‍. ഇല്ലെങ്കില്‍ സമൂഹത്തിനു ഗുണകരമായി ഉപയോഗപ്പെടുത്താവുന്ന ഒരു വിഭവം ഉപയോഗപ്പെടുത്താതെ അതിന്റെ ചെലവ് മാത്രം വഹിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാവും. ഇത് സമൂഹത്തിനും സമ്പദ് വ്യവസ്ഥക്കും ദോഷകരമാണ്.

കേരള സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കാനാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ഇക്കാര്യത്തിലുള്ള ഭാരം യുക്തിസഹമാകണമെങ്കില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണം. പെന്‍ഷന്‍ പരിഷ്‌കരണവും ആലോചിക്കണം. സര്‍ക്കാര്‍ പണം സമൂഹത്തിനു ആവശ്യമുള്ള മറ്റു പല കാര്യങ്ങള്‍ക്കും ഇന്ന് ചെലവഴിക്കാന്‍ കഴിയുന്നില്ല. ഒന്നുകില്‍ ഈ ആവശ്യങ്ങള്‍ വേണ്ടത്ര നിറവേറ്റപ്പെടുന്നില്ല. അല്ലെങ്കില്‍ അതിനായി സര്‍ക്കാര്‍ കൂടുതല്‍ പണം കടം വങ്ങേണ്ടി വരുന്നു. (കിട്ടുന്ന നികുതി പണത്തിന്റെ ഒരു നല്ല ഭാഗം പലിശ കൊടുക്കാന്‍ മാത്രം ചെലവഴിക്കുന്നു.) അങ്ങനെ കടഭാരം വര്‍ധിക്കുന്നു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കേണ്ടത് പൊതുപണം കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ ഏറ്റവും ആവശ്യമായ നടപടിയാണ്.

ഇന്നത്തെ ചെറുപ്പക്കാര്‍ കുറച്ചുകൂടി സ്വകാര്യ മേഖലയിലെ ജോലി ചെയ്യാന്‍ തയ്യാറാവുന്നുണ്ട്. എന്നാല്‍ ഇനിയും, നമ്മുടെ ചെറുപ്പക്കാര്‍ ഈ മേഖലയിലേക്ക് കടന്നുവരേണ്ടതുണ്ട്. സര്‍ക്കാര്‍ ജോലി മറ്റേതൊരു ജോലിയും പോലെയാകണം. അല്ലാതെ സര്‍ക്കാര്‍ ജോലി കൂടുതല്‍ ആകര്‍ഷണീയമാകുന്നതു സമ്പദ് വ്യവസ്ഥയുടെ കാര്യക്ഷമതക്ക് നല്ലതല്ല. അതുകൊണ്ട് ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാനായി പെന്‍ഷന്‍ പ്രായം കുറച്ചു വയ്ക്കുകയല്ല വേണ്ടത്. അവര്‍ കൂടുതലായി സ്വകാര്യ മേഖലയില്‍ ജോലി അന്വേഷിക്കണം എന്ന സന്ദേശം നല്‍കുകയാണ് വേണ്ടത്. അതിനായി കേരളത്തില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം പ്രോത്‌സാഹിപ്പിക്കേണ്ടതുമുണ്ട്. അല്ലാതെ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു സര്‍ക്കാര്‍ ജോലി കിട്ടും എന്ന സ്വപ്നം നല്‍കി അവരെ മറ്റു ജോലികളില്‍ നിന്നും വിമുഖരാക്കുന്നത് ഒരു ആധുനിക സമൂഹത്തിനും ചേര്‍ന്ന കാര്യമല്ല.

എന്നാല്‍ ഒരാള്‍ സര്‍ക്കാര്‍ ജോലിക്ക് കയറി അയാള്‍ ജോലി ചെയ്താലും ഇല്ലെങ്കിലും പ്രൊമോഷന്‍ ഒക്കെ കിട്ടി ഉയര്‍ന്ന തസ്തികയില്‍ നിന്നും വിരമിക്കാം എന്ന സ്ഥിതിവിശേഷം മാറണം. ജോലിയിലുള്ള കാര്യക്ഷമത കൂടി പ്രൊമോഷന് പരിഗണിക്കുന്ന സ്ഥിതി ഉണ്ടാവണം. ഒരാള്‍ തന്റെ ജോലി നേരെ ചെയ്തില്ലെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അയാളെ ശിക്ഷിക്കാനുള്ള അവസരം ഉണ്ടാവണം. ഇത് കടലാസില്‍ ഉണ്ടെങ്കിലും ട്രേഡ് യൂണിയന്‍ ശക്തി കാരണം നടപ്പാക്കാന്‍ കഴിയാറില്ല. കാര്യക്ഷമത അല്ലാതെ മറ്റെന്തെങ്കിലും വ്യക്തിവൈരാഗ്യം വെച്ച് മേലധികാരികള്‍ ശിക്ഷാ നടപടികള്‍ എടുത്താല്‍ അക്കാര്യം പരിശോധിക്കാനുള്ള ഓംബുഡ്‌സ്മാന്‍ സംവിധാനങ്ങള്‍ ഉണ്ടാവണം.

ഇങ്ങനെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ എടുക്കുന്നതോടൊപ്പം പെന്‍ഷന്‍ പ്രായം 60 – 62 വയസ്സ് വരെയെങ്കിലും വര്‍ധിപ്പിക്കേണ്ടത് നമ്മുടെ സമ്പദ് വ്യവസ്ഥക്ക് അനിവാര്യമാണ്.

Posted in voice u'r opinion | Leave a comment

അണ്ണ ഹസാരെയ്ക്ക് എല്ലാഭാവുകങ്ങളും നേര്‍ന്നു മണിപ്പൂരില്‍ നിന്നും

ഇറോം ഷര്‍മിള യെ നമ്മള്‍ ആരും അറിയില്ല ,പക്ഷെ കോര്‍പറേറ്റ് സമരങ്ങളുടെ പുതിയ C E O മാരായ ഹസാരയെയും രാം ദേവിനെയും നമ്മള്‍ അറിയും .ഇറോം ഷര്‍മിള യെ പറ്റി ചുരുക്കി പറഞ്ഞാല്‍ 2nd NOV 2000 മുതല്‍ മണിപ്പൂരിലെ ജവഹര്‍ ലാല്‍ നെഹ്‌റു ഹോസ്പിറ്റലിലെ ജയില്‍ വാര്‍ഡില്‍ നിരാഹാര സത്യാഗ്രഹം കിടക്കുന്ന വനിത. മണിപ്പൂരില്‍ നില നില്‍ക്കുന്ന “സ്പെഷ്യല്‍ ആര്‍മി ആക്റ്റ് ” പിന്‍വലിക്കുക എന്നതാണ് ആവശ്യം .മെഡിക്കല്‍ സയന്‍സിലെ അത്ഭുതം പോലെ അവര്‍ ഇന്നും ട്യൂബിന്‍റെ സഹായത്തോടെ ജീവിക്കുന്നു ,പത്തു വര്‍ഷം പിന്നിട്ട നിരാഹാര സമരവുമായി .മാധ്യമങ്ങള്‍ കാണാത്ത ,സ്പോണ്‍സര്‍ ചെയ്യാനും മാര്‍ക്കറ്റ്‌ ചെയ്യാനും ആരുമില്ലാത്ത ഒരു സമരം

Posted in voice u'r opinion | 2 Comments

ജോണ്‍സന്‍ മാസ്റ്റര്‍ക്ക്‌ ആദരാഞ്ജലികള്‍..

സുമാര്‍ ഒരു പതിനാറു കൊല്ലം മുമ്പാണ് മലയാള സംഗീത ലോകത്തേക്ക് ഇരു ചെവികളും കൂര്‍പ്പിച്ചു പ്രവേശിച്ചത്…  അന്ന് തൊട്ടു ഇന്ന് വരെ കഷ്ടപ്പെട്ട് പലപ്പോഴും സമയമെടുത്തും  ആദ്യമാദ്യം കാസെറ്റിലും പിന്നീട് CD, DVD  തുടങ്ങിയവയിലും ശേഖരിച്ചു വച്ച പാട്ടുകളെല്ലാം തന്നെ മഹാനായ ജോണ്‍സന്‍ മാസ്റ്ററുടെയാണെന്ന്  ഇത് വരെയും അറിഞ്ഞിരുന്നില്ല… അങ്ങ് മരിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അറിയുക പോലുമില്ലായിരുന്നു. മാപ്പ്…. അറിയാന്‍ വൈകിയതിന്…. പാട്ടിന്റെ മനോഹാരിത അറിയാതെ പോയതിനല്ല; അതിനു പുറകിലുള്ള ആ  മാസ്റ്ററിനെ അറിയാന്‍ വൈകിയതിന്….

Posted in voice u'r opinion | Leave a comment

മരം കേറാന്‍ വിട്ട സമയത്തു പഠിക്കാന്‍ പോയാല്‍ ഇങ്ങനെ ഇരിക്കും

 

മരം കേറാന്‍ വിട്ട സമയത്തു പഠിക്കാന്‍ പോയാല്‍  ഇങ്ങനെ ഇരിക്കും

Posted in voice u'r opinion | Leave a comment

ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം…

ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം…

നെഞ്ചില്‍ ചേര്‍ത്തുപിടിച്ച ഗിറ്റാറുമായി ഇനിയൊരിക്കലും നാം ജോണ്‍സണ്‍ മാഷെ കാണില്ല. കേട്ടു കരയാന്‍ കുറേ പാട്ടുകള്‍ ബാക്കി നിര്‍ത്തി മാഷ് പോയി. നമ്മുടെ സ്വകാര്യനിമിഷങ്ങളില്‍ എത്രയെത്ര വേദനകള്‍ക്കാവും ജോണ്‍സണ്‍ മാഷിന്റെ സംഗീതം ശമനൌഷധമായിട്ടുണ്ടാവുക! പ്രിയപ്പെട്ടവര്‍ നമ്മെ മനസ്സിലാക്കുന്നില്ലല്ലോ എന്ന വേദന മനസ്സില്‍ വിങ്ങുമ്പോള്‍, എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ, എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ, എന്നാത്മവിപഞ്ചികാ തന്ത്രികള്‍ മീട്ടിയ സ്പന്ദനഗാനമൊന്നും കേട്ടില്ലല്ലോ എന്ന് നിശãബ്ദമായി നിലവിളിച്ചവര്‍ ഏറെയുണ്ടാവും നമുക്കിടയില്‍.  വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍ ചൂടില്‍ ഞാന്‍ പൊള്ളുകയായിരുന്നു എന്ന ഭാസ്കരന്‍ മാഷിന്റെ വരികളിലെ വിരഹതാപം ജാനകിയമ്മയുടെ ശബ്ദത്തിലും ജോണ്‍സണ്‍ മാഷിന്റെ ഈണത്തിലും തൊട്ടറിയാമായിരുന്നു.

‘എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൌനം പറന്നു പറന്നുവന്നു, പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം പാറിപ്പറന്നുവന്നു’ എന്ന ഗാനം ഏകാന്തതയിലേക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്കു വേണ്ടിയാവും ജോണ്‍സണ്‍മാഷ് ചിട്ടപ്പെടുത്തിയിട്ടുണ്ടാവുക. ഉപകരണസംഗീതംപോലും ഏകാകിയുടെ ആ പാട്ടിന് കൂട്ടു വരുന്നില്ല. പൂവിന്‍ ചൊടിയിലും ഭൂമിദേവിയുടെ ആത്മാവിലും മൌനം നിറയുന്ന നേരത്ത് ആത്മാവില്‍ മുറിവേറ്റവന്റെ കരച്ചിലിന്റെ ഈണം മാത്രമേ ആ സംഗീതജ്ഞന്‍ നമ്മെ കേള്‍പ്പിച്ചുള്ളൂ. ദേവരാജന്‍ മാഷുടെ പ്രിയശിഷ്യന്‍ തന്നെയെന്ന് നമ്മെ പേര്‍ത്തും പേര്‍ത്തും ഓര്‍മപ്പെടുത്തുന്ന ‘ഗോപികേ… നിന്‍വിരല്‍തുമ്പുരുമ്മി വിതുമ്പി…’ എന്ന ഗാനത്തില്‍ ഉപകരണങ്ങള്‍ പരിമിതമായി മാത്രമേ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളൂ. വീണയും തബലയും മാത്രം. വീണയോ ഹൃദയമോ തേങ്ങിയതെന്നറിയാത്ത ആ സന്ദിഗ്ധതയെ ദ്യോതിപ്പിക്കാന്‍ വീണയുടെയും ഹൃദയത്തിന്റെയും മിടിപ്പുകള്‍ മാത്രം മതിയെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു.

‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി/ അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി/ ഒരു കുടന്ന നിലാവിന്റെ കുളിരു കോരി /നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ എന്ന് പ്രണയി സന്ദേഹിക്കുമ്പോള്‍ ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞൊരീണം ഒരു മുളംതണ്ടിലൂടൊഴുകി വരുന്നതുപോലെ ആ പ്രണയാര്‍ദ്രതകള്‍ നാം നെഞ്ചിലേറ്റു വാങ്ങി. ‘പവിഴം പോല്‍ പവിഴാധരം പോല്‍/ പനിനീര്‍പൊന്‍ മുകുളം പോല്‍/ തുടുശോഭയെഴും നിറമുന്തിരി നിന്‍/ മുഖസൌരഭമോ പകരുന്നു എന്നു കേള്‍ക്കുമ്പോള്‍ മുന്തിരിത്തോപ്പുകളില്‍ പ്രണയം പകര്‍ന്നുകൊടുക്കുന്ന ശലമോന്റെ ഉത്തമഗീതങ്ങള്‍ ഓര്‍മ വരും. മാംസനിബദ്ധമല്ലാത്ത രാഗത്തിന്റെ പത്മരാജന്‍ഭാവന ഓര്‍മ വരും. ഒറ്റപ്പുതപ്പിനു കീഴില്‍ ഒറ്റമുന്തിരി പങ്കിടുന്ന രാഗവിവശരായ യുവമിഥുനങ്ങളെ ഓര്‍മ വരും. നിന്‍ അനുരാഗമിതെന്‍ സിരയില്‍/ സുഖഗന്ധമെഴും മദിരാസവമായ്/ ഇളമാനിണതന്‍ കുളുര്‍മാറില്‍ സഖീ/ തരളാര്‍ദ്രമിതാ തല ചായ്ക്കുകയായ്/ വരു സുന്ദരിയെന്‍ മലര്‍ശയ്യയിതില്‍ എന്ന വിവശമായ ആ വിളിയിലെ എല്ലാ അനുരാഗഭാവങ്ങളും ജോണ്‍സണ്‍മാഷിന്റെ രാഗത്തിലുണ്ടായിരുന്നു. ശലമോന്റെ ഗീതത്തിലെന്നപോലെ.

വിഷാദഛായയുള്ള ഗാനങ്ങള്‍ക്ക് ഈണം പകരുമ്പോള്‍ ആരുടെയൊക്കെയോ വേദനകള്‍ക്ക് ചെവിയോര്‍ക്കുകയായിരുന്നോ ജോണ്‍സണ്‍ മാഷ്. ആയിരുന്നിരിക്കാം. അല്ലെങ്കില്‍ വ്യഥകളോട് ആ പാട്ടുകള്‍ക്ക് ഇത്രയും ആഴത്തില്‍ സംവദിക്കാനാവുമായിരുന്നില്ല. ‘കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി…’ എന്ന ഗാനം പൂര്‍ണമായും മനസ്സില്‍ പതിയുന്നത് സ്കൂളില്‍ പഠിക്കുന്ന കാലത്താണ്. ഒരു പക്ഷേ ആദ്യമായി മനഃപാഠമാക്കിയ ഗാനവും അതായിരുന്നിരിക്കണം. സ്വയം അടിച്ചേല്‍പിച്ച ഒറ്റപ്പെടലില്‍ കുറച്ചു പുസ്തകങ്ങളുമായി ഉറക്കുത്തിപ്പൊടി വീഴുന്ന കട്ടിലില്‍ കിടന്ന് ലോകം കണ്ട കുട്ടിയോട് ആ പാട്ട് എന്തൊക്കെയോ പറഞ്ഞു. പറയത്തക്ക ദുഃഖങ്ങളൊന്നുമില്ലാതിരുന്നിട്ടും അകാരണമായ മനോവ്യഥയില്‍ ആ പാട്ടുകേട്ട് കരഞ്ഞു. ഒരു കുഞ്ഞുപാട്ടായ് വിതുമ്പീ/ മഞ്ഞുപൂഞ്ചോലയെന്തോ തിരഞ്ഞു/ ആരെയോ തേടിപ്പിടഞ്ഞു/ കാറ്റുമൊരുപാടു നാളായലഞ്ഞു എന്നു കേള്‍ക്കുമ്പോഴെല്ലാം സങ്കടം വന്നു.

മുതിര്‍ന്നിട്ടും ജോണ്‍സണ്‍ മാഷിന്റെ ശോകഗാനങ്ങള്‍ കേട്ടു കരയുന്ന പതിവു മുടങ്ങിയില്ല. ഊഞ്ഞാലുറങ്ങി, ഹിന്ദോളരാഗം മയങ്ങി, നീലരാവിലിന്നു നിന്റെ താരഹാരമിളകി,മധുരം ജീവാമൃതബിന്ദു, മൂവന്തിയായ് പകലില്‍ രാവിന്‍ വിരല്‍സ്പര്‍ശനം,പാതിമെയ് മറഞ്ഞതെന്തേ സൌഭാഗ്യതാരമേ, ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം, താനേ പൂവിട്ട മോഹം, ദൂരെ ദൂരെ സാഗരം തേടി പോക്കുവെയില്‍ പൊന്‍നാളം… അങ്ങനെ സ്വയം ശിക്ഷിച്ച ഏകാന്തതയില്‍ കൂട്ടുകിടന്ന പാട്ടുകള്‍. തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്/ തേനൂറും സാന്ത്വനമായി ആലോലംകാറ്റ്/ സന്ധ്യാരാഗവും തീരവും വേര്‍പിരിയും വേളയില്‍/ എന്തിനിന്നും വന്നു നീ എന്ന ഗാനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. സന്ധ്യയും തീരവും വേര്‍പിരിയുന്ന വിരഹനിമിഷങ്ങളില്‍ സങ്കടത്തിരകളുമായി ആ പാട്ടു വരും.പുത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകള്‍ ആരാമപ്പന്തലില്‍ വീണുപോയെന്നോ എന്ന വരിയില്‍ വിഷാദം ഊറിനില്‍പ്പുണ്ട്. മാഷിന്റെ ഈണങ്ങളില്‍ വിഷാദം കനത്തുകെട്ടിക്കിടക്കുന്നു.

ജാനകിയമ്മയുടെ ശബ്ദം അതിന്റെ എല്ലാ മാസ്മരികതയോടെയും എന്നെ ആവേശിച്ചത് ജോണ്‍സണ്‍മാഷിന്റെ ‘സ്വര്‍ണമുകിലേ….’എന്ന ഗാനത്തിലൂടെയാണ്. സ്വപ്നം കാണാറുണ്ടോ എന്ന ആ ചോദ്യത്തിന്റെ തീവ്രത മുഴുവന്‍ ആ ഈണവും ശബ്ദവും ആഴത്തില്‍ ധ്വനിപ്പിക്കുന്നു. ചിത്രയുടെ ശബ്ദം ഏറ്റവും വശ്യമനോഹരമായി തോന്നിയത് ‘രാജഹംസമേ… മഴവില്‍ക്കൊടിയില്‍ സ്നേഹദൂതുമായ് വരുമോ’ എന്ന ഗാനത്തില്‍. അസാധാരണമായ കയറ്റിറക്കങ്ങളുള്ള രാഗവിന്യാസമാണ് ഈ പാട്ടിന്റേത്. ദൈവം ചുംബിച്ച വിരലുകളില്‍ ഈണങ്ങള്‍ പിറവിയെടുക്കുന്നു. അവ പിന്നീട് ആസ്വാദകമനസ്സിന്റെ താളമാവുന്നു. അവന്റെ ഹൃദയമിടിപ്പുകളാവുന്നു.

പാശ്ചാത്യസംഗീതവും കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി പാരമ്പര്യങ്ങളും സ്വാംശീകരിച്ചെടുത്ത ഒരു സംഗീതധാരയാണ് നിലച്ചുപോയത്. ആ സംഗീതപ്രതിഭയില്‍നിന്ന് വേറെയും എത്രയോ നല്ല ഗാനങ്ങള്‍ നമുക്കു കിട്ടിയിട്ടുണ്ട്. സാരംഗി മാറിലണിയും ഏതപൂര്‍വരാഗമോ, സൂര്യാംശുവോരോ വയല്‍പ്പൂവിലും, രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി, പൂത്താലം വലംകൈയിലേന്തി, ശ്യാമാംബരം, പുല്‍ക്കൊടി തന്‍ ചുണ്ടത്തുപെയ്തൊരു കന്നിമഴയുടെ കുന്നിമണികള്‍, പാലപ്പൂവേ നിന്‍തിരു മംഗല്യത്താലി തരൂ, ഒരു തീയലയില്‍ പൂക്കാലം കരിയുംപോലെ, മായാമയൂരം പീലി നീര്‍ത്തിയോ, മൌനസരോവരമാകെയുണര്‍ന്നു, മൌനത്തിന്‍ ഇടനാഴിയിലൊരു ജാലകം, മായപ്പൊന്‍മാനേ നിന്നെത്തേടി ഞാന്‍, കന്നിപ്പൂമാനം കണ്ണും നട്ടു ഞാന്‍ നോക്കിയിരിക്കെ, കിനാവിന്റെ കൂടിന്‍ കവാടം തുറന്നു,  കുന്നിമണിച്ചെപ്പു തുറന്നൊന്നെണ്ണിനോക്കുംനേരം, മൈനാകപ്പൊന്‍മുടിയില്‍, മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ, തങ്കത്തോണി, അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്, മനസ്സിന്‍ മടിയിലെ മാന്തളിരേ, അനുരാഗിണീ ഇതായെന്‍ കരളില്‍ വിരിഞ്ഞ പുക്കള്‍, ബ്രഹ്മകമലം, ചന്ദനച്ചോലയില്‍ മുങ്ങിനീരാടിയെന്‍, ചൈത്രനിലാവിന്റെ പൊന്‍പീലിയാല്‍, ആടിവാ കാറ്റേ, പൊന്നുരുകും പൂക്കാലം, പൂവേണം പൂപ്പട വേണം, പള്ളിത്തേരുണ്ടോ…അങ്ങനെ നിരവധി ഗാനങ്ങള്‍. മലയാളമുള്ളിടത്തോളം കാലം ആര്‍ദ്രമധുരമായ ഈ ഈണങ്ങള്‍ ഇവിടെയുണ്ടാവും. അകലെ സായാഹ്നസാനുവില്‍ വിലോലമേഘമായി മാറിയ താരകം അതു കണ്ടുനില്‍പ്പുണ്ടാവും. ഭൂമിയില്‍ ജോണ്‍സണ്‍ മാഷ് എന്നും നെഞ്ചോടുചേര്‍ത്തുപിടിച്ചിരുന്ന ഗിറ്റാര്‍ ഇനി അനാഥമാവില്ല. ആയിരം ഈണങ്ങളായി അതിനെ മലയാളികള്‍ എന്നും ഹൃദയത്തില്‍ ചേര്‍ത്തുപിടിക്കും.

 

by N.p Sajeesh on Thursday, August 18, 2011 at 10:05am from facebook

Posted in voice u'r opinion | Leave a comment

ഇതാട്ടാ നമ്മടെ തൃശ്ശൂര്

Posted in voice u'r opinion | Leave a comment